03:56am 04 October 2026
NEWS
കേരളം നടുങ്ങുന്ന രേഖകൾ എന്റെ കൈവശമുണ്ട്; വീണ്ടും അങ്കംകുറിക്കുന്ന സ്വപ്ന സരിത്ത് വെല്ലുവിളിക്കുന്നു
03/10/2026  04:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളം നടുങ്ങുന്ന രേഖകൾ  എന്റെ കൈവശമുണ്ട്; വീണ്ടും അങ്കംകുറിക്കുന്ന സ്വപ്ന  സരിത്ത് വെല്ലുവിളിക്കുന്നു

സ്വപ്ന സുരേഷ് അടുത്ത അങ്കം കുറിക്കുകയാണ്. ഇപ്പോൾ സ്വപ്ന സുരേഷ് അല്ല സ്വപ്ന സരിത്താണ്. സ്വർണ്ണക്കടത്തുകേസിലെ മറ്റൊരു പ്രതിയായ സരിത്തുമായുള്ള വിവാഹം നടന്നത് അടുത്തകാലത്താണ്. പുതിയ ജീവിതത്തിലേക്ക് കടന്നതോടൊപ്പം തന്നെ പഴയ യുദ്ധത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുകയുമാണെന്നു വേണം കരുതാൻ.

ആറുവർഷം മുമ്പാണ് കേരളത്തെ പ്രകമ്പനം കൊള്ളിച്ച സ്വർണ്ണക്കടത്തുകേസ് ഉണ്ടായത്. നയതന്ത്രചാനൽവഴി കൊണ്ടുവന്ന മുപ്പതു കിലോഗ്രാം സ്വർണ്ണമാണ് പിടിച്ചത്. അതിന്റെ വിശദാംശങ്ങൾ ഒരുപാട് ചർച്ച ചെയ്യപ്പെട്ടതാണ്. ഈ കേസിൽ പ്രതിയാക്കപ്പെട്ട സ്വപ്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആഞ്ഞടിച്ചു. സ്വർണ്ണക്കടത്തിനു പിന്നിൽ അവരാണെന്നും അതിന് ഭരണസിരാകേന്ദ്രത്തിലെ ഏറ്റവും പ്രധാനികളായ ഉദ്യോഗസ്ഥരുടെ സഹായമുണ്ടായിരുന്നെന്നും ആരോപിച്ചു. ആരോപണങ്ങൾ അന്തരീക്ഷത്തിൽ ലയിച്ചതല്ലാതെ അതെക്കുറിച്ച് അന്വേഷണമൊന്നുമുണ്ടായില്ല. സ്വപ്ന തുടർച്ചയായി തെളിവുകൾ നിരത്താൻ ശ്രമിച്ചെങ്കിലും ഉത്തരവാദിത്തപ്പെട്ട ആരും അത് ചെവിക്കൊണ്ടതുമില്ല. ഫലത്തിൽ സ്വപ്നയും അവരുടെ ചില സുഹൃത്തുക്കളും മാത്രമായി പ്രതിസ്ഥാനത്ത്. എങ്കിലും തന്റെ പോരാട്ടം വൃഥാവിലായില്ല എന്ന വിശ്വാസത്തിലാണ് സ്വപ്ന ഇപ്പോൾ. അന്നത്തെ ഭരണക്കാർക്ക് ഒരു മൂന്നാം ഊഴം ലഭിക്കാതിരിക്കാനുള്ള പല കാരണങ്ങളിൽ ഒന്ന് തന്റെ വെളിപ്പെടുത്തൽ ജനം വിശ്വസിച്ചതുകൊണ്ടാണെന്ന് അവർ കരുതുന്നു. 

സ്വർണ്ണക്കടത്തുകേസ് രജിസ്റ്റർ ചെയ്തിട്ട് ആറുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എങ്കിലും ഇനിയും അന്വേഷണം എങ്ങുമെത്തിയില്ല. അജ്ഞാതമായ കാരണങ്ങളാൽ അത് അനന്തമായി നീളുകയാണ്. ഇതിനെതിരെയാണ് സ്വപ്ന സരിത്ത് രംഗത്തുവന്നിരിക്കുന്നത്. സ്വർണ്ണക്കടത്തുകേസ് മാത്രമല്ല സ്വപ്നയ്‌ക്കെതിരെയുള്ളത്. അന്നത്തെ മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നു എന്ന രീതിയിലും കേസുകൾ ഉണ്ട്. അതിലും അന്വേഷണം ഒന്നും സജീവമാകുന്നില്ല. ഇഴഞ്ഞുനീങ്ങുന്ന കേസ് പ്രതിയാക്കപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ശാപം തന്നെയാണ്. കേസ് ശിക്ഷക്കപ്പെടുന്നതിനെക്കാൾ വലിയ ദുരന്തമാണ് കേസ് അനന്തമായി നീളുന്നത്. കാരണം അവരുടെ തൊഴിൽ, സ്വതന്ത്രമായ യാത്ര (കേരളം വിട്ടുപോകേണ്ടിവരുമ്പോൾ) എന്നിവയൊക്കെ അനിശ്ചിതാവസ്ഥയിലാകും. വിദേശത്തുപഠിച്ച് അവിടെത്തന്നെ തൊഴിൽ ചെയ്ത് ശീലിച്ചിരുന്ന സ്വപ്നയ്ക്ക് വിദേശ യാത്രാനിയന്ത്രണങ്ങളൊക്കെ അവരുടെ ജീവിതത്തെത്തന്നെ ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. വീണ്ടും ഒരങ്കത്തിന് തുടക്കം കുറിക്കുന്ന സ്വപ്ന മനസ്സു തുറക്കുന്നു. 'കേരളശബ്ദം' എറണാകുളം ബ്യൂറോ ചീഫ് മൈക്കിൾവർഗ്ഗീസ് ചെങ്ങാടക്കരിയുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്.

? മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമൊക്കെ നിവേദനം കൊടുത്തതായി അറിഞ്ഞല്ലോ. എന്താണ് ഈ സമയത്ത് പരാതിയുമായി രംഗത്തിറങ്ങാൻ കാരണം.

മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമൊക്കെ നിവേദനം സമർപ്പിച്ചു എന്നത് സത്യമാണ്. അവരെ നേരിട്ട് കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവരുടെ പേഴ്‌സണൽ സ്റ്റാഫ് മുഖാന്തിരം ഓഫീസിൽ ഏൽപ്പിക്കുകയായിരുന്നു.

? പരാതി കൊടുത്തതിനുശേഷം അവരുടെ ഓഫീസിൽ നിന്നും വിളിക്കുകയോ കൂടുതൽ വിശദീകരണം ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടോ.

ഇല്ല. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. കൊടുത്തിട്ട് അധികം നാളായിട്ടില്ലല്ലോ. അവരുടെ ശ്രദ്ധയിൽപ്പെടാനുള്ള കാലതാമസമായിരിക്കാം.

? എന്തായിരുന്നു അതിലെ ഉള്ളടക്കം? രഹസ്യസ്വഭാവം ഉള്ളതുവല്ലതുമാണോ.
അല്ല. സ്വർണ്ണക്കടത്തുകേസ് ഉൾപ്പെടെ എന്റെ പേരിലെടുത്തിരിക്കുന്ന കേസുകളുടെ നടപടികൾ വേഗത്തിലാക്കണം എന്നുമാത്രമേ ഉള്ളൂ. കേസ് എടുത്തിട്ട് ഇപ്പോൾ ആറുവർഷമായി. ഇതുവരെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല-അഥവാ എത്തിച്ചിട്ടില്ല.

? അന്വേഷണ ഉദ്യോഗസ്ഥർ സർക്കാരിന്റെ ഭാഗമാണല്ലോ. കഴിഞ്ഞ സർക്കാർ ഇക്കാര്യത്തിൽ തികഞ്ഞ അലംഭാവം കാണിച്ചു എന്നാണോ.

അലംഭാവമാണോ അതിബുദ്ധിയാണോ എന്നെനിക്കറിയില്ല. സ്വർണ്ണക്കടത്തുകേസിൽ എന്നെ ബോധപൂർവം പ്രതിയാക്കി-ബലിയാടാക്കി എന്നതാണ് യാഥാർത്ഥ്യം. അതിലൂടെ യഥാർത്ഥ പ്രതികൾ തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞു. ഞാനത് പരസ്യമായി പറഞ്ഞിട്ടും ആരും അതേക്കുറിച്ച് അന്വേഷിക്കാൻ തയ്യാറായില്ല. ഇനി തുടരന്വേഷണം വരുമ്പോൾ ഞാൻ തെളിവുകൾ ഹാജരാക്കുമല്ലോ. സ്വാഭാവികമായിട്ടും അത് ഒഴിവാക്കാൻ കുറ്റവാളികൾ ശ്രമിക്കും.ശരിക്കും കുറ്റം ചെയ്തവർ ഇപ്പോഴും മാന്യന്മാരായി ജീവിക്കുന്നു.

? മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ മാത്രമാണല്ലോ എപ്പോഴും ആരോപണം ആവർത്തിക്കുന്നത്. ഈ കേസിൽ മറ്റാളുകൾ ഇല്ലേ.

ഉണ്ട്. പക്ഷേ അവർ ഇതിന്റെ സൂത്രധാരന്മാരല്ല. ആജ്ഞാനുവർത്തികൾ മാത്രമാണ്. മുൻമുഖ്യമന്ത്രിയും കുടുംബവും തന്നെയാണ് ഇതിനെല്ലാം ചുക്കാൻ പിടിച്ചിരുന്നത്. ശിവശങ്കരൻ സാറിനെപ്പോലെ ബുദ്ധിയും കഴിവുമുള്ള ചില ഉദ്യോഗസ്ഥർ അവരെ സഹായിക്കാനുമുണ്ടായിരുന്നു. സാങ്കേതികകാര്യങ്ങൾ അവർക്കാണല്ലോ അറിയാവുന്നത്. ഉദാഹരണം പറഞ്ഞാൽ വിദേശത്തേക്ക് പണം കൊണ്ടുപോകണമെങ്കിൽ അതിനുള്ള എളുപ്പവഴികൾ എന്താണ്? നിയമത്തെ മറികടന്ന് എങ്ങനെയൊക്കെ അത് പ്രാവർത്തികമാക്കാം എന്നൊക്കെ അവർക്കല്ലെ അറിയാവുന്നത്.

? മുഖ്യമന്ത്രിയുടെ കുടുംബം എന്നുപറയുമ്പോൾ ഭാര്യ, മകൻ, മകൾ, മരുമകൻ ഒക്കെ ഉൾപ്പെടുമല്ലോ. അവരെല്ലാവരും ഇത്തരം പ്രവൃത്തികളിൽ നേരിട്ട് പങ്കെടുത്തു എന്നാണോ.

മുൻമുഖ്യമന്ത്രി പിണറായി വിജയന് എല്ലാകാര്യങ്ങളും അറിയാമായിരുന്നു. കുടുംബാംഗങ്ങളിൽ മകൻ മാത്രം അധികം കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യാപിതാവിന്റെ കമ്പനിയുമായി ചില ഇടപാടുകൾ നടത്തിയതൊഴിച്ചാൽ പലകാര്യങ്ങളിലും നേരിട്ട് പങ്കെടുത്തിരുന്നില്ല.

? മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയനും കുടുംബവും നടത്തിയ വിദേശയാത്രകളെക്കുറിച്ചും പല ആരോപണങ്ങളും ഉന്നയിച്ചിരുന്നല്ലോ? പല യാത്രകളും മീറ്റിംഗുകളും നിക്ഷേപകരെ ആകർഷിക്കാനാണെന്നൊക്കെ ആയിരുന്നല്ലോ കേട്ടിരുന്നത്.

അങ്ങനെയാണെങ്കിൽ എത്ര നിക്ഷേപകർ കേരളത്തിൽ വന്നു എന്നുകൂടി പറയാം. 2016 മുതൽ 2026 വരെയുള്ള പത്തുവർഷങ്ങൾക്കിടയിൽ ഏതെല്ലാം രാജ്യങ്ങളിൽ മുൻ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും പോയി? എന്തിനായിരുന്നു എന്ന് തെളിവു സഹിതം പറയട്ടെ. ഗൾഫ് രാജ്യങ്ങളിൽ മാത്രമല്ലല്ലോ പോയത്? യു.കെ, യു.എസ്, യൂറോപ്യൻരാജ്യങ്ങൾ എന്നിവിടങ്ങളിലൊക്കെ പോയില്ലേ. എത്ര നിക്ഷേപകർ അവിടെനിന്നൊക്കെ വന്നു. നിക്ഷേപകരെ ആകർഷിക്കാനല്ല നിക്ഷേപിക്കാനാണ് പോയതെന്ന സത്യം എത്രപേർക്കറിയാം.

? കേരളത്തിൽ നിക്ഷേപിക്കുന്നത് സുരക്ഷിതമല്ല എന്നതുകൊണ്ടാണോ വിദേശങ്ങളിൽ നിക്ഷേപിക്കുന്നത്.

ഇവിടെ സമ്പാദിക്കുന്നതിനും സംരക്ഷിക്കുന്നതിനുമൊക്കെ ഒരുപരിധിയില്ലേ? എത്ര ബിനാമികളെ വച്ച് ചെയ്താലും എന്നെങ്കിലും ആരെങ്കിലും ഇതൊക്കെ അന്വേഷിച്ച് കണ്ടുപിടിക്കാനും സാധ്യതയുണ്ട്. എന്നാൽ മിക്ക വിദേശ രാജ്യങ്ങളിലെയും സ്ഥിതി അതല്ല. അവിടെ നിക്ഷേപം സുരക്ഷിതമായിരിക്കും എന്നുമാത്രമല്ല ആരോടും അതെക്കുറിച്ച് വെളിപ്പെടുത്തുകയും വേണ്ട. അവിടുത്തെ നിയമസംവിധാനം അങ്ങനെയാണ്.

? കേരളത്തിൽ സൂക്ഷിക്കാനാകാത്തവിധം അളവില്ലാത്ത സ്വത്തുക്കൾ പിണറായിയും കുടുംബവും സമ്പാദിച്ചിട്ടുണ്ട് എന്നാണോ പറയുന്നത്. 

അതെ. എത്ര കോടികൾ എന്നൊന്നും ആർക്കും പറയാൻ പറ്റുമെന്ന് തോന്നുന്നില്ല. ഒരുകാര്യം പറയാം. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ എന്തെല്ലാം പദ്ധതികൾ വന്നിട്ടുണ്ടോ-വരുമെന്ന് പറഞ്ഞിട്ടുണ്ടോ അതിനൊക്കെ കൃത്യമായ കമ്മീഷനും കിട്ടിയിട്ടുണ്ട്. അതുവച്ച് നിങ്ങൾ കണക്കുകൂട്ടി നോക്കിക്കൊള്ളുക.

? നടപ്പിലാക്കുന്ന പദ്ധതികൾക്കല്ലേ കമ്മീഷൻ ലഭിക്കുക. നടപ്പിലാക്കാത്ത പദ്ധതികൾക്കെങ്ങനെയാണ് കമ്മീഷൻ ലഭിക്കുക.

നമ്മൾ സാധാരണക്കാർക്ക് അന്താരാഷ്ട്ര കോർപ്പറേറ്റുബിസിനസ് രീതികൾ അറിയാത്തതുകൊണ്ടാണ്. അഥവാ-സ്‌ട്രെയിറ്റായി ചിന്തിക്കുന്നതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്. ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോൾ തന്നെ അത് നടപ്പിലാക്കുന്നവർക്ക് ലഭിക്കുന്ന ലാഭം കണക്കുകൂട്ടി അതിന്റെ ഒരു വിഹിതം കമ്മീഷനായി വാങ്ങിയിരിക്കും. ശതകോടികളുടെ പദ്ധതികളാകുമ്പോൾ അതിൽ നിന്ന് തുച്ഛമായ ശതമാനം കമ്മീഷനായി ലഭിച്ചാലും ഒരു വൻ തുക ഉണ്ടാകും. ഇനി ഈ പദ്ധതി നടന്നില്ലെങ്കിലും വാങ്ങിയ കമ്മീഷൻ തിരിച്ചുകൊടുക്കേണ്ടിവരില്ല. അന്താരാഷ്ട്ര ബന്ധങ്ങളുള്ള ബഹുരാഷ്ട്ര കമ്പനികൾ അതിനൊന്നും നിൽക്കില്ല. പക്ഷേ അവർ പിന്നീട് എങ്ങനെയെങ്കിലും അതിൽക്കൂടുതലും മുതലാക്കും. ഒരു സർക്കാർ തീരുമാനിച്ചാൽ ഇതൊക്കെ നിസ്സാരകാര്യമാണ്. കേരളത്തിൽ ആവേശത്തോടെ പ്രഖ്യാപിച്ച പല പദ്ധതികളുടെ കഥ അറിയാമല്ലോ. അതിൽ നടന്നതും നടക്കാത്തതുമുണ്ട്. രണ്ടായാലും തൽപ്പര കക്ഷികൾക്ക് നഷ്ടമൊന്നുമില്ല എന്നു സാരം.

? എക്‌സാലോജിക് സിഎംആർഎൽ കേസ് വിവാദം ഇപ്പോഴും കത്തിനിൽക്കുകയാണല്ലോ. അതെക്കുറിച്ച് എന്താണ് പറയാനുള്ളത്.

ഒരു കടലാസ് കമ്പനിയാണ് അതെന്ന് എല്ലാവർക്കും അറിയാവുന്നതല്ലേ. ഈ ഒരെണ്ണം മാത്രമല്ലേ പുറത്തുവന്നിട്ടുള്ളൂ. ശരിക്കന്വേഷിച്ചാൽ ഇതുപോലെ എത്രയെണ്ണം പുറത്തുവരും? ശശിധരൻ കർത്താ സ്വന്തം നിലനിൽപ്പ് അപകടത്തിലാകുമെന്ന് കണ്ടപ്പോൾ അത് പുറത്തുവിട്ടതാകാം. അതൊരു കൃത്യമായ നീക്കമായിരുന്നല്ലോ. അദ്ദേഹത്തെ രക്ഷിക്കേണ്ട ചുമതല കൂടി മറ്റുള്ളവർക്കായില്ലേ? ആ കേസിന്റെ ആദ്യഘട്ടത്തിന്റെ ആവേശമൊക്കെ എവിടെപ്പോയി. അത് തേഞ്ഞുമാഞ്ഞുപോകില്ലെന്നും പറയാനാകുമോ? കേരളത്തിലെ അവസ്ഥ കണ്ടിട്ട് പറഞ്ഞതാണ്.

‌? പിണറായി വിജയൻ എന്ന മുൻമുഖ്യമന്ത്രി അത്രത്തോളം ശക്തനാണെന്നാണോ.

അതെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. പക്ഷേ അളവറ്റ പണത്തിന് നമ്മുടെ സമൂഹത്തിൽ തനതായ ശക്തിയില്ലേ? പവർപോലും പണം കൊണ്ട് വിലക്കെടുക്കപ്പെടുന്നില്ലേ? ലാവ്‌ലിൻ കേസിന്റെ അവസ്ഥ എന്താണ്? എത്രപ്രാവശ്യമാണ് മാറ്റിവച്ചുകൊണ്ടിരിക്കുന്നത്?

? പുതിയ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ടല്ലോ. അവർ അനുഭാവപൂർവ്വം പരിഗണിക്കുമെന്നാണോ കരുതുന്നത്.

അങ്ങനെയാണ് ഞാൻ ആഗ്രഹിക്കുന്നത്-പ്രതീക്ഷിക്കുന്നത്. പക്ഷേ രാഷ്ട്രീയനേതാക്കളുടെ ബന്ധങ്ങൾ നാം പകൽവെളിച്ചത്തിൽ കാണുന്നതുമാത്രമാണോ എന്ന് നമുക്ക് അറിയില്ലല്ലോ. അതിന്റെ ആശങ്കയുമുണ്ട്.

? സ്വർണ്ണക്കടത്തുകേസ് തെളിയിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നത് സ്വപ്ന സരിത്ത് മാത്രമാണല്ലോ. മറ്റുള്ളവരെല്ലാം നിസ്സംഗത പാലിക്കുന്നത് എന്തുകൊണ്ടാകാം.

ഞാൻ നേരത്തെ പറഞ്ഞല്ലോ, സത്യസന്ധമായ ഒരന്വേഷണം വന്നാൽ വലയിൽ കുടുങ്ങുന്നത് വമ്പൻ സ്രാവുകളായിരിക്കും. അത് ഒരുപാട് പേർക്ക് പ്രശ്‌നങ്ങളുണ്ടാക്കും. അതുകൊണ്ട് പലരീതിയലും അവർ അന്വേഷണം തടസ്സപ്പെടുത്താൻ നോക്കും. പക്ഷേ എനിക്ക് നിസ്സംഗയായി ഇരിക്കാൻ കഴിയില്ല. എന്റെ നിരപരാധിത്വം തെളിയിച്ചേ കഴിയൂ. കാരണം ഞാൻ സ്വപ്ന സരിത്ത് എന്നൊരു വ്യക്തിമാത്രമല്ല ഒരമ്മകൂടിയാണ്. എനിക്ക് മക്കളുണ്ട്. നാളെ അവർ ഒരു കള്ളക്കടത്തുകാരിയുടെ മക്കൾ എന്നറിയപ്പെടാൻ പാടില്ല എന്നെനിക്ക് നിർബന്ധമുണ്ട്. സത്യം പുറത്തുവന്നേ തീരൂ. അതിനാണ് ഞാൻ പോരാട്ടം തുടരുന്നത്.

? നേരത്തെ ഭീഷണിയുള്ളതായി പറഞ്ഞിരുന്നല്ലോ. ഇപ്പോഴും ആ അവസ്ഥ നിലനിൽക്കുന്നുണ്ടോ.

ഇല്ലെന്ന് തീർത്തുപറയാനാകില്ല. എങ്കിലും എന്റെ കൈയിലുള്ള രേഖകളെക്കുറിച്ച് ഇപ്പോൾ അവർക്ക് ബോധ്യമുണ്ട്. അതുകൊണ്ട് വധിക്കാൻ ശ്രമിക്കില്ല എന്നു കരുതാം. മാത്രമല്ല, ഒരിക്കൽ ശ്രമിച്ച് പരാജയപ്പെട്ടതുമല്ലേ.

? എന്നായിരുന്നു അത്.

ഈ കേസിന്റെ തുടക്കത്തിൽത്തന്നെ. കൊറോണ വ്യാപിച്ച കാലമാണ് എന്നെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റു ചെയ്തത്, ഓർമ്മിക്കുന്നില്ലേ. ജീവാപായം സംഭവിക്കുമെന്ന് തീർച്ചയായപ്പോൾ ഞാൻ പോലീസിന് പിടികൊടുക്കാൻ തയ്യാറാകുകയായിരുന്നു.

? എങ്ങനെയാണത് മനസ്സിലായത്. കേരളത്തിൽ നിന്നും നിങ്ങളെ മാറ്റിനിർത്തി ആരോ രക്ഷിക്കാൻ ശ്രമിച്ചതാണെന്നാണ് അന്നു കരുതിയത്. അന്നത്തെ സാഹചര്യത്തിൽ ഒരാൾക്ക് സംസ്ഥാനം വിട്ട് യാത്ര ചെയ്യുക എളുപ്പമല്ലല്ലോ.

അതെ. അതുതന്നെയാണ് എനിക്കും പറയാനുള്ളത്. രക്ഷിക്കാനെന്ന് പറഞ്ഞാണ് അവർ എന്നെ കൊണ്ടുപോയതും വേണ്ട സൗകര്യങ്ങൾ ചെയ്തുതന്നതും. മക്കൾ ഉൾപ്പെടെ കുടുംബം എന്റെ കൂടെയുണ്ടായിരുന്നു. എത്ര ചെക്ക് പോസ്റ്റുകൾ കടന്നാണ് ഞങ്ങൾ യാത്ര ചെയ്തതെന്ന് അറിയാമോ. കർശന പരിശോധനയുള്ള കാലമാണ്. യാത്ര ചെയ്യുന്ന എല്ലാവരുടെയും പേരും മേൽവിലാസവും കൊടുക്കണം. കേരളം വിട്ടുകഴിഞ്ഞപ്പോൾ മക്കളെ ഒഴിവാക്കണമെന്ന് അവർ പറഞ്ഞു. അത് ഞാൻ സമ്മതിച്ചില്ല. മാത്രമല്ല, യാത്രാപാസ്സുകൾ ഞാൻ രഹസ്യമായി പരിശോധിക്കുകയും ചെയ്തു. അതിലൊന്നും എന്റെ പേര് ഉണ്ടായിരുന്നില്ല. എന്നുപറഞ്ഞാൽ സ്വപ്ന എന്ന വ്യക്തി സംസ്ഥാനംവിട്ടു യാത്ര ചെയ്തതായി ഒരു രേഖയുമില്ല. പിന്നീടൊരിക്കൽ എന്റെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യാമല്ലോ. സ്വർണ്ണക്കടത്തുകേസിലെ പ്രതി ആത്മഹത്യ ചെയ്തു എന്ന രീതിയിലുള്ള കഥകളെ പുറത്തുവരികയുള്ളൂ. അഥവാ വരുത്തുകയുള്ളൂ. ഈ തന്ത്രം മനസ്സിലാക്കിയതുകൊണ്ടാണ് ഞാൻ പോലീസിൽ കീഴടങ്ങിയത്. ആ നീക്കം അവർ പ്രതീക്ഷിച്ചിരുന്നതല്ല. സരിത്തിനെ തട്ടിക്കൊണ്ടുപോയി വധിക്കാനും ശ്രമിച്ചതല്ലേ. സമയോചിതമായി എനിക്ക് ഇടപെടാൻ കഴിഞ്ഞതുകൊണ്ടുമാത്രമാണ് അതും നടക്കാതെ പോയത്.

? സരിത്തിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നു കേട്ടിരുന്നു. അത് ഈ കേസിന്റെ ഭാഗം തന്നെയായിരുന്നോ. എന്താണ് സംഭവിച്ചത്.

ഒരു സംഘം ആളുകൾ വീട്ടിലെത്തി ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു.  ബലമായി കാറിൽ കയറ്റുന്നതുകണ്ട ഒരാൾ വിവരം എന്നെ അറിയിച്ചു. ഭാഗ്യം കൊണ്ട് ആ സമയത്ത് ചില പത്രപ്രവർത്തകർ എന്റെ മുറിയിൽ ഉണ്ടായിരുന്നു. ഞാൻ വിവരം അവരെ അറിയിച്ചു. പെട്ടെന്ന് വാർത്ത പുറത്തുവന്നതോടെ വിട്ടയയ്ക്കാൻ അവർ നിർബന്ധിതരായി. 

? ഇനി മുമ്പോട്ടുള്ള നീക്കം എന്താണ്. കേസ് അനന്തമായി താമസിപ്പിച്ച് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ എന്തുചെയ്യാൻ കഴിയും. 

ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. ഈ കേസ് അന്വേഷണം വേഗത്തിലാക്കാൻ നേരിട്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്നേയുള്ളൂ. അല്ലാതെ പല കാര്യങ്ങളും ചെയ്യാൻ കഴിയും. ഒരുപക്ഷേ വാർത്താ  ബോംബുകൾ തന്നെ പുറത്തുവന്നേക്കാം. 

? നേരത്തെ സൂചിപ്പിച്ച, കൈവശം ഉണ്ടെന്നു പറഞ്ഞ രേഖകൾ സംബന്ധിച്ചാണോ.

അതെ. ഇത്രയും പ്രശ്‌നങ്ങളൊക്കെ ഉണ്ടായെങ്കിലും ഇതുവരെ ഞാൻ പുറത്തുവിട്ടത് സ്വർണ്ണക്കടത്തിനെക്കുറിച്ചും എന്നെ സംബന്ധിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ചും മാത്രമുള്ള രഹസ്യങ്ങളാണ്. പക്ഷേ ഒരുപരിധികഴിഞ്ഞാൽ എന്റെ നിലപാട് മാറും. കെ-റെയിലും കെ-ഫോണുമൊക്കെ ഇവിടെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളാണ്. ഇതിന്റെ പിന്നിലൊക്കെ എന്താണ് നടന്നതെന്നും എത്ര കോടികളുടെ അഴിമതിയുണ്ടെന്നും ഇനിയും കേരളം അറിഞ്ഞിട്ടില്ല. തൽക്കാലം ഞാൻ കൂടുതലൊന്നും പറയുന്നില്ല. പക്ഷേ പറയേണ്ടി വന്നാൽ പറയുക തന്നെ ചെയ്യും. അതും എല്ലാരേഖകളോടും കൂടി. കേരളസമൂഹത്തെ ഞെട്ടിക്കാൻ കഴിയുന്ന വാർത്തകളായിരിക്കും അത്. എന്നെ നേരിട്ട് ബാധിക്കാത്ത വിഷയങ്ങളും രേഖകളും പുറത്തു വിടണ്ട എന്നാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. പക്ഷേ ഒരുപരിധി കഴിഞ്ഞാൽ ആ തീരുമാനം മാറ്റാൻ ഞാൻ നിർബന്ധിതയാകും. ബന്ധപ്പെട്ടവർ അത് ഓർമ്മിക്കുന്നത് നല്ലതാണ്.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img